ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡുകളും മാറ്റി. 1300 ശാഖകള്‍ക്കാണ് മാറ്റം വരുത്തിയത്. ആറു അസോസിയേറ്റഡ് ബാങ്കുകള്‍ ഒരു വര്‍ഷം മുമ്പ് എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡുകളും മാറ്റിയത്.

2017 ഏപ്രില്‍ ഒന്നിനാണ് ആറ് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും എസ്ബിഐയില്‍ ലയിച്ചത്. ഇതോടെ ലോകത്തെ ആദ്യ 50 ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐ വികസിച്ചിരുന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22428 ശാഖകളാണ് ബാങ്കിനുള്ളത്.

നേരത്തെ ലയനസമയത്ത് 1805 ശാഖകള്‍ വെട്ടിചുരുക്കുകയും 244 ഭരണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനര്‍വിന്യസിക്കുകയും ചെയ്തു. മാറ്റം വരുത്തിയ എസ്ബിഐ ബ്രാഞ്ചുകളുടെ ഐഎഫ്എസ്‌സി കോഡും പേരുകളും സംബന്ധിച്ച വിശദാംശങ്ങള്‍ എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.