കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥിയായ മലയാളി യുവാവ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് നിതിന്‍ എന്‍(22) നെ കോളജിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എയിറോസ്പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥിയാണ് നിതിന്‍, ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍നിധി സ്വദേശിയാണ്.


എസ്ബിഐ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറാണ് നിതിന്റെ പിതാവ്. മാതാവ് നദി കായംകുളം റെയില്‍വെ സ്ഥലമെടുപ്പ് വിഭാഗം ഓഫീസ് ജീവനക്കാരിയാണ്. ഏക സഹോദരി തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ വിദ്യാര്‍ഥിയാണ്.

വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിത നിഗമനം. മുറിയുടെ ജാലക ചില്ലുകള്‍ പൊട്ടിച്ച് നോക്കിയ കൂട്ടുകാരാണ് നിതിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പഠിക്കാന്‍ വളരെ മിടുക്കനായ നിതിന്‍ പരീക്ഷയില്‍ ഒരു മാര്‍ക്ക് പോലും നഷ്ടപ്പെട്ടാല്‍ ഏറെ നിരാശനായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വെള്ളിയാഴ്ചയായിരുന്നു നിതിന് അവസാന സെമസ്റ്റര്‍ പരീക്ഷയുണ്ടായിരുന്നത്. എന്നാല്‍ നിതിന്‍ പരീക്ഷക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് കൂട്ടുകാര്‍ ഹോസ്റ്റല്‍ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ അത് അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയ സഹപാഠികള്‍ തുടര്‍ന്ന് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. മരണ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പശ്ചിമ ബംഗാളിലേക്ക് തിരിച്ചു.