മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന്‍ സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി.
സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീടിനു മുന്നില്‍ അഞ്ചുമണിക്കു തന്നെ ബി.ബി.സി റിപ്പോര്‍ട്ടറുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നു. 5.4നാണ് മുംബൈയില്‍ ബാങ്ക്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ബാങ്ക് വിളി കേട്ടില്ല. പിന്നീട് അരമണിക്കൂറു കൂടി കാത്തുനിന്നിട്ടും ബാങ്കുവിളി കേള്‍ക്കാനായില്ല. ഏറെ കാത്തുനിന്നിട്ടും ബാങ്കു കേള്‍ക്കാതായപ്പോള്‍ പത്രപ്രവര്‍ത്തകരെല്ലാം പിരിഞ്ഞുപോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. അവിടെ നിന്നും തിരിച്ചുപോരുമ്പോള്‍ സമീപത്ത് അന്വേഷിച്ചപ്പോള്‍ അവിടെ മൂന്ന് പള്ളികളുണ്ടെന്നും അവിടെ ബാങ്കുവിളിക്കാറുണ്ടെന്നും തെളിഞ്ഞു. സോനുവിന്റെ വീടിന് 600മീറ്ററുകള്‍ക്കപ്പുറമാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
സോനുവിന്റെ വീടിന് അരകിലോമീറ്റര്‍ ദൂരത്തായി രണ്ടു മദ്രസകളുണ്ട്. അവിടെ 5.20നാണ് ബാങ്ക്. കഴിഞ്ഞ 35വര്‍ഷമായി അവിടെ ബാങ്കുവിളിക്കാറുണ്ട്. എന്നാല്‍ ഇത് സോനുവിന്റെ വീട്ടിലേക്ക് കേള്‍ക്കാറുമില്ല. ഇതുവരെ അതിനെക്കുറിച്ച് ആരും പരാതിയുമായി എത്താറുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. സോനുവിന്റെ വീടിന് അടുത്തുള്ള മദ്രസകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറില്ലെന്ന് സോനുവിന്റെ അയല്‍വാസികള്‍ പറഞ്ഞു. അവര്‍ ഇതുവരേയും ബാങ്കുവിളി കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. ബി.ബി.സി റിപ്പോര്‍ട്ടറുടെ അന്വേഷണത്തിലാണ് സോനുനിഗത്തിന്റെ വാദം പൊളിയുന്ന കണ്ടെത്തല്‍ ഉണ്ടായത്.
ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി രംഗത്തെത്തിയ സോനുനിഗത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് ഷൂകൊണ്ട് മാലയുണ്ടാക്കി കഴുത്തിലണിയിപ്പിച്ച് നടത്തിയാല്‍ 10ലക്ഷം രൂപ നല്‍കാമെന്ന് സയ്യിദ് ഷാ ആദിഫ് അല്‍ ഖാദേരി പറഞ്ഞിരുന്നു. തുടര്‍ന്ന് തലമൊട്ടയടിച്ചെത്തി സോനുനിഗം 10ലക്ഷം രൂപ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
Be the first to write a comment.