ഭരണഘടന പ്രകാരമോ, ധാര്‍മികമായോ അല്ല കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. യെദിയൂരപ്പയുടെ ഈ വിജയം കുതിരക്കച്ചവടത്തിന്റെതാണ്. കേവലഭൂരിപക്ഷം പരോക്ഷമായി പോലും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതിനായി ഗവര്‍ണറുടെ പദവി പോലും ദുരുപയോഗം ചെയ്‌തെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി തടവിലാക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ വീഴില്ലായിരുന്നെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി.

യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തിങ്കളാഴ്ച സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും.

തങ്ങളുടെ എം.എല്‍.എമാരെ വശീകരിച്ച് കൊണ്ട് പോയ ശേഷം തടവില്‍ പാര്‍പ്പിച്ച് സര്‍ക്കാറിനെ വീഴ്ത്തിയ ബി.ജെ.പി ഇപ്പോള്‍ അവകാശപ്പെടുന്നത് ജനങ്ങളുടെ വിജയമാണെന്നാണ്. ഇത് ഒരിക്കലും ജനങ്ങളുടെ വിജയമല്ല, ഇത് കുതിരക്കച്ചവട വിജയമാണ് സിദ്ധരാമയ്യ പറഞ്ഞു.
മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സഭയുടെ അംഗ സംഖ്യ 221 ആയാണ് കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ഭരിക്കാനാവശ്യമായ അംഗ സംഖ്യ 111 ആണ്. ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. ആറു പേരുടെ പിന്തുണ എവിടെ നിന്ന് എന്നു പോലും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചത്. വിമത കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ പേര് യെദിയൂരപ്പക്ക് നല്‍കാനാവില്ല. കാരണം അവരിപ്പോഴും കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളുടെ എം.എല്‍.എമാരാണ്. യെദിയൂരപ്പക്ക് എങ്ങിനെ ഭൂരിപക്ഷം തെളിയിക്കാനാവും. ഇത് സംബന്ധിച്ച് ഭരണഘടന ഏതെങ്കിലും തരത്തിലുള്ള അംഗീകാരം നല്‍കുന്നുണ്ടോ എന്നും ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ ചോദിച്ചു.