X

ഹജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ, ബി, സി കാറ്റഗറി പരിഗണനയില്‍

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടന അപേക്ഷയില്‍ എ,ബി,സി എന്നിങ്ങനെ കാറ്റഗറി സംവിധാനം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി. ഇതിനായി ഹാജിമാരെ മൂന്നുവിഭാഗമായി തിരിക്കും. അടിയന്തരമായി തിരിച്ചുപോകേണ്ടവരെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് 22 ദിവസത്തിനകം നാട്ടിലേക്കു മടങ്ങാം. പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മതസാമുദായിക നേതാക്കളുടെയും ഹജ്ജ് വെല്‍ഫെയര്‍ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജിനെത്തുന്നവര്‍ക്ക് എട്ടു കുടുംബങ്ങള്‍ വരെ ഒന്നിച്ച് കഴിയേണ്ടിവരുന്നതിന്റെ പ്രയാസം യോഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും ശരിയാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ക്കൊപ്പം ഒരു മതപണ്ഡിതനെ വയ്ക്കുന്നതിന് ശ്രമിക്കും. ഹജ്ജിന് പാസ്‌പോര്‍ട്ടിനു പകരം ആധാര്‍ പരിഗണിക്കും. ഹജ്ജ് തീര്‍ത്ഥാടനരംഗത്ത് സര്‍ക്കാര്‍ വിഭാഗത്തിന് 70 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 30 ശതമാനവുമെന്ന ക്വാട്ട തുടരും. ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുക, 65 കഴിഞ്ഞവര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള വിലക്ക് നീക്കുക, നറുക്കെടുപ്പില്‍ മൂന്നുതവണയും കിട്ടാത്തവര്‍ക്ക് മുന്‍ഗണന നല്‍കുക, വളണ്ടിയര്‍മാരായി അഞ്ചുവര്‍ഷത്തിലധികം ഒരാള്‍ക്ക് അവസരം നല്‍കാതിരിക്കുക, കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കുക, ഹജ്ജ് ഗൈഡില്‍ അത് നിര്‍വഹിക്കേണ്ട വിധം വിവരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ്, മുസ്തഫ ഇ.വി, ബഷീര്‍ പട്ടേല്‍താഴം, ശെയ്ഖ് ശറഫുദ്ദീന്‍, ഹഫീസ്, സിദ്ദീഖ് സഖാഫി, അലി അബ്ദുല്ല, റംസി ഇസ്മാഈല്‍ , പി.കെ കബീര്‍ സലാല, മന്‍സൂര്‍ അഹമ്മദ്, പി.എസ് താഹ, പാണക്കാട് ശിഹാബ് താഹ തങ്ങള്‍, ഹജ്ജ് പരിശീലന കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, പൊതുപ്രവര്‍ത്തകരായ പി.ടി ആസാദ്, മുത്തു കോട്ടക്കല്‍, സിറാജ് കോയ, ഡോ. എ.ഖാലിദ് അലി, അജി തോമസ്, കള്ളിയത്ത് സത്താര്‍ ഹാജി, ആലിഹാജി വൈലത്തൂര്‍ സംസാരിച്ചു.

 

web desk 3: