ബംഗളൂരു: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതില്‍ 88 എണ്ണം അമേരിക്കയുടെതാണ്. ജര്‍മനി, നെതര്‍ലാന്‍ഡ്്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപണത്തിനുണ്ട്. ഈമാസം 15നാണ് ചരിത്രദിനം. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ വികസിപ്പിച്ചെടുത്ത പി.എസ്.എല്‍.വിയുടെ എക്സ്എല്‍ പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ആദ്യം 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്തു. തുടര്‍ന്ന്് ദൗത്യം ഡിസംബര്‍ 26ല്‍ നിന്ന് ഈമാസം 15 ലേക്ക് മാറ്റുകയായിരുന്നു. കാര്‍ട്ടോസാറ്റ് 2 ഒരു ഉപഗ്രഹം, ഐ.എന്‍.എസ് ഒന്ന് എ, ഐ.എന്‍.എസ് ഒന്ന് ബി എന്നിവയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍.നാല് ഉപഗ്രഹങ്ങള്‍ വീതമുള്ള 25 ക്വാഡ് പാക്കാണിത്. ഇവയില്‍ ഒരെണ്ണം വിക്ഷേപണ വാഹനത്തില്‍ നിന്ന് വിഘടിച്ചശേഷം രണ്ടാകും. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിനു മാത്രം 714 കിലോ ഭാരമുണ്ട്. ഐ.എന്‍.എസ് ഒന്ന് എക്കും ഒന്ന് ബി്ക്കും 18 കിലോ ഭാരമാണുള്ളത്. ബാക്കിയുള്ള 101 ഉപഗ്രഹങ്ങള്‍ 643 കിലോ ഭാരം വരും. വിക്ഷേപിച്ച് 42 സെക്കന്‍ഡ് കഴിയുമ്പോള്‍ കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തിലെത്തും.52 സെക്കന്‍ഡ് ആകുമ്പോള്‍ ഐ.എന്‍.എസ് ഒന്ന് എ, ഒന്ന് ബി എന്നിവ വേര്‍പെടും. അവശേഷിക്കുന്നവ തുടര്‍ന്നുള്ള 625 സെക്കന്റുകളില്‍ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചെത്തിച്ചതാണ് ഐ.എസ്.ആര്‍.ഒ യുടെ ഏറ്റവും വലിയ ദൗത്യം. 2014 ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങളെത്തിച്ച റഷ്യയാണ് നിലവില്‍ മുന്നില്‍. അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 37 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 15 ന് രാവിലെ 9.28 ന് കുതിച്ചുയരും. പി.എസ്.എല്‍.വ യുടെ മുപ്പത്തിയൊമ്പതാം ദൗത്യമാണിത്.
Be the first to write a comment.