Culture

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധിയും അമിത്ഷായും സഞ്ചരിച്ച വിമാനം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

By chandrika

April 04, 2018

ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് കര്‍ണ്ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സഞ്ചരിച്ച വിമാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വടക്കന്‍ കര്‍ണ്ണാടകയിലെ ഹബ്ബാലി വിമാനത്താവളത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുവരും പ്രത്യേക വിമാനത്തില്‍ എത്തിയത്.

വിമാനത്താവളത്തിലെത്തിയതിനു ശേഷം ഇരുവരും സഞ്ചരിച്ച വിമാനം പരിശോധിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പരിശോധന. ലെഗ്ഗേജുകളില്‍ നിന്ന് ഒന്നും സംശയാസ്പദമായി കണ്ടെത്തിയില്ലെന്നും അമിത്ഷാക്കൊപ്പം രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്നും കര്‍പാലെയിലെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് പരിശോധനയെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി ഉദ്ദേശിച്ച പരിശോധനയല്ലെന്നും ധര്‍വാഡ് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ എസ്.ബി ബൊമ്മനഹള്ളി പറഞ്ഞു. രാഹുലും അമിത്ഷായും ഇത് അഞ്ചാം തവണയാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്.

കര്‍ണ്ണാടകയില്‍ വോട്ടെടുപ്പ് മെയ് 12-നാണ് നടക്കുക. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. വോട്ടെണ്ണല്‍ മെയ് 15 നു നടക്കും.