നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ് ഇരിക്കുന്ന ചിത്രം വൈറലാകുന്നു.

ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയിലാണ് അജ്ഞാത യുവാവ് ഇരിക്കുന്നത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടതായി നിയമസഭാ സെക്രട്ടറി ഡി.എം പട്ടേല്‍ പറഞ്ഞു.

സ്പീക്കര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ കസേരയില്‍ ഇരിക്കാന്‍ സാധിക്കില്ല. സുരക്ഷാ പ്രശ്‌നം കൂടിയാണിത്. സാമാജികര്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും മാത്രമാണ് പ്രധാന ഹാളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളതെന്ന് പട്ടേല്‍ പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് യുവാവിന്റെ പേര് രാഹുല്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹാളില്‍ മറ്റാരുമില്ലാതിരുന്നപ്പോഴാണ് സ്പീക്കറുടെ കസേരയില്‍ ഇരുന്നതെന്നും ഇതിന്റെ ചിത്രങ്ങള്‍ മറ്റാരെങ്കിലും പകര്‍ത്തുകയായിരുന്നുവെന്നുമാണ് അനുമാനം. സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്നതിനു പുറമെ എം.എല്‍.എയുടെ കസേരയില്‍ ഇരിക്കുന്ന മറ്റൊരു ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

ശൂന്യമായ നിയമസഭാ ഹാളിന്റെ പശ്ചാത്തലത്തിലുള്ള മറ്റ് ചിത്രങ്ങളുമുണ്ട്. ബജറ്റ് സമ്മേളനം അവസാനിച്ച മാര്‍ച്ച് 28ന് ശേഷമാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ യുവാവ് എങ്ങനെയാണ് ഹാളിനുള്ളില്‍ കടന്നതെന്നും ചിത്രങ്ങളെടുത്തതെന്നുമാണ് അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ഇത് പൊലീസിന് കൈമാറുമെന്ന് പട്ടേല്‍ പറഞ്ഞു.