ഗുരുവായൂര്‍: മതസഹോദര്യത്തിന്റെ പേരില്‍ അയ്യപ്പന്‍ വിളക്കുകളില്‍ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂര്‍ണമായി വിലക്കണമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ക്ഷേത്ര നടയില്‍ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ശശികല പറഞ്ഞു.
അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ലെന്നും എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം ഒരു കാവികൊടി കണ്ടാല്‍ നാട്ടിലെ സകലമാന ‘ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനെയും ശശികല ആക്ഷേപിക്കുന്നു.ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന് ശാഠ്യമുള്ള വിളക്ക് സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് പ്രഖ്യാപിക്കണമെന്നും പറ്റുമെങ്കില്‍ മറ്റൊരു അയ്യപ്പന്‍ വിളക്ക് നടത്തണമെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘മമ്മിയൂര്‍ ക്ഷേത്രനടയില്‍ തലയുയര്‍ത്തി നില്ക്കുന്ന പച്ച പള്ളി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ല !, എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം വാഴപ്പിണ്ടി കൊണ്ട് കെട്ടുന്ന അയ്യപ്പ ക്ഷേത്രത്തില്‍ ഒരു ചെറിയ കാവിക്കൊടിയോ കാവി അലങ്കാരമോ അല്ലെങ്കില്‍ പള്ളിയില്‍ കാട്ടിയ പോലെ കാവി താഴികക്കുടമോ വെച്ചിരുന്നെങ്കില്‍ നാട്ടിലെ സകലമാന ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനേ!
കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുന്‍പില്‍ (അകത്തല്ല). ഇട്ട അത്തപൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയതിന് ഉണ്ടാക്കിയ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ?, ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന ശാഠ്യമുള്ള വിളക്കു സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് തന്നെ പ്രഖ്യാപിക്കണം. മറ്റുള്ളവര്‍ വിളിക്കുമായിരിക്കും വിളിക്കട്ടെ, പക്ഷേ നമ്മുടെ ഒരു സഹകരണവും ഉണ്ടാകരുത്. പറ്റുമെങ്കില്‍ വേണ്ടി വന്നാല്‍ മര്യാദക്കാരായ സ്വാമി ഭക്തരായ വിളക്കു സംഘക്കാരെ വിളിച്ച് സമാന്തരമായി മറ്റൊരു വിളക്ക് വേറൊരു ദിവസം നടത്തേണ്ടതിനെ പറ്റിയും ആലോചിക്കേണ്ടി വരും !, ഒരു നാട്ടില്‍ രണ്ടു വിളക്ക് പാടില്ല എന്നൊന്നും ഇല്ലല്ലോ.
എന്തായാലും സംഗതി കൈവിട്ടുപോകും മുമ്പ് നാം പ്രതികരിക്കേണ്ടിയിക്കുന്നു. പഴയ കാലത്തും പള്ളിയുടെ രൂപത്തില്‍ കെട്ടുമായിരുന്നു . ഇത്രയും അഹങ്കാരം അന്ന് അതില്‍ കാട്ടിയിരുന്നില്ല ഒരിക്കലും ബാങ്കും നിസ്‌ക്കാരവും നടത്തിയിരുന്നില്ല. ക്ഷേത്ര നടയില്‍ വാങ്കുവിളിക്കുന്നവരെ നിര്‍ത്തിക്കുക തന്നെ വേണം. അടുത്ത വര്‍ഷം പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ല എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയും കഴിയണം.’എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.