കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര 52 റണ്‍സുമായാണ് പുറത്തായത്. സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭവാനകളൊന്നും നല്‍കാന്‍ പുജാര ഒഴികെയുള്ള പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരക്കായില്ല. ലോകേഷ് രാഹുല്‍ (പൂജ്യം), ശിഖര്‍ ധവാന്‍ (എ്ട്ട്), വിരാട് കോഹ്‌ലി(പൂജ്യം), അജിന്‍ക്യ രഹാനെ (നാല്), രവിചന്ദ്ര അശ്വിന്‍ (നാല്) തുടങ്ങിയവയാണ് മുന്‍നിര ബാറ്റ്‌സ് മാരുടെ സമ്പാദ്യം. ഒരു ഘട്ടത്തില്‍ ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ കീപ്പര്‍ വൃദ്ധിമാന്‍ സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്‍ ചേര്‍ത്ത 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറുകടത്തിയത്. അവസാനം മുഹമ്മദ് ഷെമി 24 റണ്‍സുമായി ചെര്‍ത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്‍ ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കക്കു വേണ്ടി 26 റണ്‍സ് വിട്ടുകൊടുത്ത് ലക്മല്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജ്, ദസുണ്‍ ശനങ്ക, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. 2005 ചെന്നെയില്‍ നേടിയ 167യാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍.