രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 537 നെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പുജാര (124) മുരളി വിജയ് (112) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. മുരളി വിജയും വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

ഇന്ന് രണ്ടാമത്തെ ഓവറില്‍ തന്നെ ഗൗതം ഗംഭീറിനെ (29) നഷ്ടമായ ഇന്ത്യക്ക് മുരളി വിജയും പുജാരയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി. ഇരുവരും ചേര്‍ന്ന് 209 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ പുജാരയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 169 പന്തില്‍ 15 ബൗണ്ടറി സഹിതമായിരുന്നു ശതകം. പിന്നാലെ 254 പന്തില്‍ നിന്ന് മുരളി വിജയവും സെഞ്ച്വറിയിലെത്തി. എട്ട് ഫോറും മൂന്നു സിക്‌സറുമടക്കമാണ് വിജയ് സെഞ്ച്വറി നേടിയത്.

ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ചാണ് പുജാര പുറത്തായത്. മുരളി വിജയിനു കൂട്ടായി ക്യാപ്ടന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.