ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇത്തവണ ന്യൂസിലന്റിനോടാണ് ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യയുടെ സെമി സാധ്യതകളും ഇതോടെ തുലാസിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 110 റണ്‍സെടുത്തു. ന്യൂസിലന്റ് ഇത് 14.3 ഓവര്‍കൊണ്ട് മറികടന്നു. പോയത് രണ്ട് വിക്കറ്റ് മാത്രം.

35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത ഡാരില്‍ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പ്പിച്ചാലും ഇന്ത്യ സെമിയിലെത്താന്‍ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്.