ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ എം.പി മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. ബി.ജെ.പി വര്‍ഗീയ കക്ഷിയല്ലെന്നും മതേതര കക്ഷിയാണെന്നും പശ്ചിമ ബംഗാളില്‍ ഉടന്‍ അധികാരത്തില്‍ വരുമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മുകുള്‍ റോയി പറഞ്ഞു.

നേരത്തെ മമതയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അദ്ദേഹം തൃണമൂല്‍ വിട്ടിരുന്നു. ബി.ജെ.പിയില്‍ ചേരാനാണ് തൃണമൂല്‍ വിടുന്നതെന്ന് അന്ന് തന്നെ അഭ്യൂഹമുണ്ടായിരുന്നു. സെപ്തംബറിലായിരുന്നു മുകുള്‍ റോയ് തൃണമുലില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതേത്തുടന്ന് മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തേതൃത്വം അറിയിച്ചിരുന്നു. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്ലാതെ രാജ്യം മുന്നോട്ട് പോകില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് മുകുള്‍ റോയ് പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ശാരദ ചിട്ടി തട്ടിപ്പ് അടക്കമുള്ളവയില്‍ മുകുള്‍ റോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. താന്‍ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് മുകുള്‍ റോയിയും പറഞ്ഞിരുന്നു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയ്വര്‍ജിയ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുകുള്‍ റോയ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.