അഹമ്മദാബാദ്: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 186 റണ്‍സിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട സൂര്യ മൂന്നു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്തു.18 പന്തില്‍ നിന്ന് 1 സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ 150 കടത്തിയത്.

മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 42 റണ്‍സ് ചേര്‍ക്കാനും സൂര്യകുമാറിനായി. പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ പുറത്തായി. ഒരു റണ്ണെടുത്ത കോലിയെ ജോസ് ബട്ട്‌ലര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

പിന്നാലെ സൂര്യകുമാര്‍ യാദവ് ഡേവിഡ് മലാന്റെ സംശയകരമായ ക്യാച്ചില്‍ പുറത്തായി. 23 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാല് ഫോറുകളടക്കം 30 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എട്ടു പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദറാണ് (4) പുറത്തായ മറ്റൊരു താരം. ശാര്‍ദുല്‍ താക്കൂര്‍ നാലു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി.