ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. 67 റണ്‍സെടുക്കുന്നതിനിടേ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ഓപ്പണര്‍ റോറി ബേണ്‍സിനെയും സാക്ക് ക്രോളിയെയും സിബ്ലിയെയുമാണ് നഷ്ടമായത്. തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ബേണ്‍സിനെ പൂജ്യനാക്കി മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ബേണ്‍സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ബേണ്‍സിന് പിന്നാലെ ക്രീസിലെത്തിയ ക്രോളിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ 42ല്‍ നില്‍ക്കേ 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. 66 റണ്‍സിലെത്തി നില്‍ക്കെ മുഹമ്മദ് ഷമി സിബ്ലിയേയും മടക്കിയയച്ചു.

നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യ ഇന്ന് നാല് പേസ്ബൗളര്‍മാര്‍ക്ക് അവസരം നല്‍കി. മുഹമ്മദ്, സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പേസര്‍മാരായി കളിക്കുമ്പോള്‍ രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറാണ്. അശ്വിന്‍ ടീമിലിടം നേടിയിട്ടില്ല. ഓപ്പണറായി കെ.എല്‍.രാഹുല്‍ കളിക്കുന്നുണ്ട്.