കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍ പെട്ട് ആസ്റ്റര്‍ ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി. നാവിക കപ്പലായ സത്പുരയിലാണ് അഭിലാഷിനെ വിശാഖപ്പട്ടണത്ത് എത്തിച്ചത്. വിശാഖപ്പട്ടണത്തെ നാവിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് അഭിലാഷ് ടോമിയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു. അഭിലാഷ് ടോമിക്കായുള്ള രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പിതാവ് മരണപ്പെട്ട ക്യാപ്റ്റന്‍ അലോക് ആനന്ദയുമായും വൈസ് അഡ്മിറല്‍ ആശയവിനിമയം നടത്തി.

അഭിലാഷ് ടോമിയുടെ പിതാവ് റിട്ട. ലഫ്. കമാന്‍ഡര്‍ വി. സി. ടോമിയും വിശാഖപ്പട്ടണത്ത് എത്തിയിരുന്നു.
അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആസ്റ്റര്‍ ഡാം ദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് വിശാഖപ്പട്ടണത്തേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടുത്തെ വിദഗ്ധ പരിശോധനകള്‍ക്കു ശേഷം തുടര്‍ ചികില്‍സാക്കാര്യം തീരുമാനിക്കുമെന്ന് നാവിക സേനാ അധികൃതര്‍ അറിയിച്ചു