News

ഇന്‍ഡിഗോ വിമാനയാത്ര പ്രതിസന്ധി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

By webdesk17

December 05, 2025

ഇന്‍ഡിഗോ വിമാനയാത്ര പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ചാം ദിവസവും പ്രതിസന്ധി തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയില്‍ സംഭവിച്ചതിനെ കുറിച്ച് അറിയണമെന്നും ഭാവിയില്‍ ഇത്തരത്തില്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടികള്‍ നിര്‍ദേശിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കെ ബ്രംഹനെ, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അമിത് ഗുപ്ത, സീനിയര്‍ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ക്യാപ്റ്റന്‍ കപില്‍ മാങ്‌ലിക്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ലോകേഷ് രാംപാല്‍ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.

അതേസമയം, യാത്രാ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പൊതുക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഡിസംബര്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ മടക്കിനല്‍കും. കാന്‍സല്‍ ചെയ്തതും റീഷെഡ്യൂള്‍ ചെയ്തതുമായ സര്‍വീസുകളുടെ പണമാണ് ഇന്‍ഡിഗോ മടക്കിനല്‍കുക. എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിനല്‍കാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ നല്‍കാനും ഇന്‍ഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിര്‍ന്ന പൗരന്മാരായ യാത്രക്കാര്‍ക്ക് ലോഞ്ച് അക്‌സസും ഇന്‍ഡിഗോ നല്‍കും.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

നവംബര്‍ ഒന്ന് മുതലാണ് ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ധിപ്പിക്കുകയായിരുന്നു. രാത്രി ലാന്‍ഡിങ്ങിന്റെ എണ്ണം ആറില്‍ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവാദവ്യവസ്ഥ പിന്‍വലിച്ചിരുന്നു. ഡിസംബര്‍ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിന്‍വലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്.