കോഴിക്കോട്: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.

ഓരോ ഇന്‍ഷൂറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിന് വേണ്ടി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹംവഴി അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കുകയും വേണം.

മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ ജമ്മു കശ്മീരിലും ചെന്നൈയിലും നല്‍കിയ പരിഗണന ഇവിടെയും കണക്കിലെടുക്കണം.

മറ്റ് നിര്‍ദേശങ്ങള്‍

1. ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫീസുകള്‍, പ്രത്യേക ക്യാമ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയിക്കണം.

2. ക്ലെയിം സംബന്ധിച്ച പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പണം നല്‍കണം.

3. പ്രളയ ബാധിത ജില്ലകളില്‍ ആവശ്യത്തിനും സര്‍വേയര്‍മാരെ ചുമതലപ്പെടുത്തണം.

4. എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ജനങ്ങളെ അറിയിക്കാന്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തണം.