ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്‌സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.കൊല്‍ക്കത്തയക്ക് വേണ്ടി 17 പന്തില്‍ നിന്ന് ഗില്‍ 26 റണ്‍സ് എടുത്തു. സുനില്‍ നരെയ്ന്‍ (7), റിങ്കു സിങ് (11), ഓയിന്‍ മോര്‍ഗന്‍ (15) എന്നിവര്‍ക്കും കൊല്‍ക്കത്ത സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയെ 172ല്‍ എത്തിച്ചത്. 10 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 21 റണ്‍സോടെ പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ചെന്നൈ നിരയില്‍ ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹില്‍, മോനു കുമാര്‍ എന്നിവര്‍ക്കു പകരം ഷെയ്ന്‍ വാട്ട്‌സണ്‍, ലുങ്കി എന്‍ഗിഡി, കരണ്‍ ശര്‍മ എന്നിവര്‍ ഇടംപിടിച്ചു.