ഷാര്‍ജ: ഐപിഎല്ലിലെ 52ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 39 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ്. ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ്. ഈ വിജയത്തോടെ നാലാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേഓഫ് സാധ്യത നിലനിർത്തി.

ബാംഗ്ലൂരിനു വേണ്ടി യുസ്‌വേന്ദ്ര ചെഹൽ രണ്ടു വിക്കറ്റും, വാഷിങ്ടൻ സുന്ദർ, ഇസൂരു ഉഡാന, നവ്ദീപ് സെയ്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, മികച്ച ബോളിങ്ങിലൂടെ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 120 റൺസിൽ ഒതുക്കുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ മികച്ച സ്കോർ കണ്ടെത്താനാവാതെ പോയ ബാംഗ്ലൂരിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു. 32 റൺസെടുത്ത ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.

ഹൈദരാബാദിനു വേണ്ടി സന്ദീപ് ശർമ, ജെയ്സൻ ഹോൾഡർ എന്നിവർ രണ്ടു വിക്കറ്റും, ഷഹബാസ് നദീം, റാഷിദ് ഖാൻ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.