അബുദാബി: മലപ്പുറം ജില്ലക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി കിടിലന്‍ ഇന്നിങ്‌സ് കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. എട്ടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്.

നായകന്‍ വിരാട് കോഹ്‌ലിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ചു പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ബാംഗ്ലൂര്‍ വിജയലക്ഷ്യം മറികടന്നത്.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 155 റണ്‍സാണ് എടുത്തത്. വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി തിളങ്ങിയപ്പോള്‍ വിരാത് കോലി തനിക്കെതിരായ ഫോമില്ല എന്ന ദുഷ്‌പേര് മാറ്റുന്ന പ്രകടനം കാഴ്ചവച്ചു.

ദേവ്ദത്ത് 45 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 63 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. രാജസ്ഥാനു വേണ്ടി നാലു റണ്‍സാണ് മലയാളി താരം സഞ്ജു സാംസണിന്റെ സംഭാവന.