ചാലക്കുടി :കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ (42) അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ചെന്ന നിലയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ അനുമതി തേടിയിരുന്നു.

എന്നാല്‍ അനുമതി നിഷേധിച്ച അധികൃതര്‍ ഇദ്ദേഹത്തെ അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.ആത്മഹത്യശ്രമമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.