ദുബായ്; ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആവേശോജ്ജ്വല ജയം. തോല്‍ക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഹരിയാനക്കാരന്‍ രാഹുല്‍ തെവാത്തിയയാണ് ഒരുവട്ടം കൂടി രാജസ്ഥാന് രക്ഷകനായത്. ആറാം വിക്കറ്റില്‍ 47 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചു കൂട്ടിയ തെവാത്തിയ-റയാന്‍ പരാഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് രാജസ്ഥാന്‍ ഐതിഹാസികമായി ജയിച്ചു കയറിയത്.

ഹൈദരാബാദ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 78 റണ്‍സ് എന്ന നിലയില്‍ കൂപ്പു കുത്തിയിരുന്നു. തകര്‍ച്ചയില്‍ തന്നെയായിരുന്നു തുടക്കവും. ആദ്യ മത്സരത്തിനിറങ്ങിയ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റാണ് ആദ്യം പോയത്. സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ നായകന്‍ സ്റ്റീവ് സ്മിത്തും മടങ്ങി. ഒരു റണ്‍ കൂടി ചേര്‍ക്കുമ്പോഴേക്ക് ജോസ് ബട്‌ലറും. പിന്നാലെ ഉത്തപ്പയും സഞ്ജുവും പോന്നതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചെന്നു കരുതിയതാണ്. പിന്നെ തെവാത്തിയയും (28 പന്തില്‍ 45 റണ്‍സ്) റയാന്‍ പരാഗും (26 പന്തില്‍ 42 റണ്‍സ്) ചേര്‍ന്നു നടത്തിയ കൂറ്റനടികളാണ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചത്. അവസാനം ടീം ജയിച്ചു കയറുമ്പോള്‍ അവസാന ഓവറിലെ ഒരു പന്തു മാത്രം ബാക്കി. അവസാന നാല് ഓവറില്‍ നിന്ന് മാത്രം നേടിയത് 58 റണ്‍സ്. റയാന്‍ പരാഗാണ് സിക്‌സടിച്ച് വിജയ റണ്‍ കുറിച്ചത്. ക്രീസില്‍ തെവാത്തിയ കൂടെയുണ്ടായിരുന്നു. സഞ്ജു 26 പന്തില്‍ 25 റണ്‍സാണ് നേടിയത്.

രാജസ്ഥാന്റെ സീസണിലെ മൂന്നാമത്തെ ജയമാണിത്. കഴിഞ്ഞ നാലു മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റിരുന്നു. ഹൈദരാബാദിനായി റാഷിദ് ഖാനും ഖലീല്‍ അഹമ്മദും രണ്ടു വീതം വിക്കറ്റുകള്‍ നേടി.