അബുദാബി: ഐപിഎല്‍ 13ാം സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍ നയിക്കും. നിലവിലെ ക്യാപ്റ്റനായ ദിനേശ് കാര്‍ത്തിക് തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. തനിക്ക് പകരം ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിനെ കാര്‍ത്തിക് അഭ്യര്‍ത്ഥിച്ചിരുന്നു.

നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കാര്‍ത്തിക് ടീമില്‍ തുടരും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനുവേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താന്‍ ക്യാപ്റ്റന്‍സി ഒഴിയാന്‍ ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.

കാര്‍ത്തിക്കിന്റെ തീരുമാനത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലും കാര്യങ്ങള്‍ കാര്‍ത്തിക്കിന്റെ തീരുമാനത്തിനു വിട്ടുനല്‍കുകയാണെന്ന് ടീം സിഇഒ പറഞ്ഞു.

2019 ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോള്‍ ടീം നായകന്‍ മോര്‍ഗന്‍ ആയിരുന്നു. ഐപിഎല്‍ ലേലത്തില്‍ 5.25 കോടി ചെലവഴിച്ചാണ് 2019 ല്‍ മോഗനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. മോര്‍ഗന്‍ ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ 175 റണ്‍സ് നേടിയിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ കാര്‍ത്തിക് നടത്തിയ പരീക്ഷണങ്ങള്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഏഴ് കളികളില്‍ നാലെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്തയ്ക്ക് എട്ട് പോയിന്റുണ്ട്.