ദുബായ്: കിംഗ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ദയനീയ തോല്‍വി. 97 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

നാലു റണ്‍സിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ വന്നപാടെ മടങ്ങിയപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂര്‍ വീണു.

പിന്നീട് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 53-ല്‍ എത്തിച്ചു. വൈകാതെ 20 റണ്‍സെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയ് മടക്കി. 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിനും പുറത്താക്കി.