Connect with us

kerala

സ്പെഷൽ അരി വിതരണത്തിൽ ക്രമക്കേട്; പലർക്കും കിട്ടുന്നത് 5 കിലോക്ക് പകരം ഒരു കിലോ

വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്

Published

on

റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ വാഗ്ദാനം ചെയ്ത സ്പെഷൽ അരി ലഭിക്കുന്നില്ലെന്ന് പരാതി. 5 കിലോ സ്പെഷൽ അരി നൽകുമെന്നാണ് ” അറിയിപ്പെങ്കിലും റേഷൻ കടയുമടകൾ നൽകുന്നത് ഒരു കിലോ മാത്രം.

സ്റ്റോക്കില്ലെന്നാണ് പരാതി. വെള്ള ,നീല കാർഡുകൾക്ക് കഴിഞ്ഞ മാസം നൽകിയത് 7 കിലോ വീതമായിരുന്നു. ഇതാണ് സ്പെഷൽ എന്ന പേരിൽ വെട്ടിക്കുറച്ചത്. അതും ലഭിക്കാത്തതിനാൽ പല കടകളിലും സംഘർഷം തുടരുകയാണ്. രണ്ടു കിലോ സാധാരണ പുഴുക്കലരിയും വേറെയുണ്ട്. 2 കിലോ മട്ട ,2 കിലോ പച്ചരി എന്നിവ മാത്രമാണ് നൽകുന്നത്. ഗോതമ്പ് മാവിനും ക്ഷാമമാണ്.

വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്. മൊബൈലിൽ സന്ദേശം വരുമ്പോൾ മാത്രമാണ് ഇതറിയുന്നത്. സപ്ലൈകോയിൽ 10 കിലോ അരി 10.90 നിരക്കിൽ ലഭിക്കുമെങ്കിലും അവിടെയും 5 കിലോ വീതമാണ് പലയിടത്തും നൽകുന്നത്. ഇന്നലെ ആരംഭിച്ച ഓണച്ചന്തകളിൽ സബ് സിഡി സാധനങ്ങൾ പലതുമില്ല. വൻ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. സാധനങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിരോധിച്ചെങ്കിലും സബ്സിഡി സാധനങ്ങൾ കുറവാണെന്ന യാഥാർത്ഥ്യം ഭരണ കക്ഷിക്കാർ പോലും സമ്മതിക്കുന്നു.

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

kerala

‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.

മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.

 

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending