ഷംസീര്‍ കേളോത്ത്‌

ബോളിവുഡ് അഭിനേയത്രി കങ്കണ റണാവത്ത് കൃത്യമായ ഇടവേളകളില്‍ യുക്തിക്ക് നിരക്കാത്തതും ചരിത്രവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ പ്രമുഖയാണ്. ഈയിടെയാണ് സര്‍ക്കാര്‍ കങ്കണയെ രാജ്യത്തെ പരമോന്നത പൗര ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. സര്‍ക്കാറനുകൂല നിലപാട് സ്വീകരിക്കുന്നതിനുള്ള അംഗീകാരമാണ് പത്മശ്രീയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ പത്മശ്രീ നല്‍കിയ പ്രവര്‍ത്തിയേക്കാള്‍ വിവാദമായിരിക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പറ്റിയുള്ള അവരുടെ പ്രസ്താവനയാണ്.

1947 ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ നേടിയ സ്വാതന്ത്ര്യം കൊളോണിയല്‍ ഭരണകൂടത്തിന്റെ ഭിക്ഷയായിരുന്നുവെന്നും രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായത് 2014ലായിരുന്നുവെന്നുമാണ് വലതുപക്ഷ ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്. മോദിയുടെ സ്ഥാനാരോഹണം നടന്ന വര്‍ഷം എന്ന നിലയിലാവാം 2014നെ സ്വാതന്ത്ര്യ ലബ്ധി വര്‍ഷമായി ഉയര്‍ത്തിക്കാട്ടിയത്. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ചെയ്തികളെ ഏതറ്റംവരെയും ന്യായീകരിക്കാന്‍ മടിയില്ലാത്തയാളാണ് കങ്കണ. കര്‍ഷകസമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് വിവാദമായിരുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന മുന്നണിയുമായുള്ള രാഷ്ട്രീയ എതിര്‍പ്പുകാരണം മുംബൈ നഗരത്തെ പാക് അധീന കാശ്മീരിനോട് ഉപമിച്ചിരുന്നു. ത്രിപുരയിലെ കലാപത്തെപറ്റിയുള്ള റിപ്പോര്‍ട്ടിങിനെ ദേശവിരുദ്ധ കുറ്റമാക്കി ചിത്രീകരിച്ച് മാധ്യമപ്രവര്‍ത്തകരെ ജയിലിടക്കുന്ന കാലത്തും കങ്കണക്ക് അവരുടെ വിദ്വേഷ പ്രസ്താവന തുടരാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. എന്നാല്‍ പൊരുതിനേടിയ സ്വാതന്ത്ര്യം ഭിക്ഷയാണെന്ന പ്രസ്താവനകൊണ്ട് അവര്‍ അപമാനിച്ചിരിക്കുന്നത് രാജ്യത്തിന്‌വേണ്ടി ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികളെയാണ്, അവരുടെ പോരാട്ടത്തെയാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമവകാശപ്പെടാനില്ലാത്തവര്‍ക്ക്, അവരുടെ കൂലിപടയാളികള്‍ക്ക് ദേശീയ സമരത്തെ വിലകുറച്ചുകാട്ടുന്നതില്‍ ഒരു മടിയുമുണ്ടാവില്ല, പക്ഷേ നമുക്കങ്ങനെയല്ല.

ഐക്യം/ ഭിന്നിപ്പ്

കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മൂശയിലാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍ ദക്ഷിണേഷ്യയില്‍ രൂപംകൊണ്ടതെന്നത് ചരിത്ര വസ്തുതയാണ്. യൂറോപ്യന്‍ കൊളോണിയല്‍ അധിനിവേശം തീര്‍ത്ത രാഷ്ട്രീയവും സാമൂഹ്യവുമായ അടിമത്തത്തില്‍നിന്നുള്ള മോചനമായിരുന്നു ഇന്ത്യന്‍ ദേശീയത മുന്നോട്ട്‌വെച്ചിരുന്ന പ്രധാന ലക്ഷ്യം.

ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചിന്തകര്‍ ഒരു രാഷ്ട്രീയ സമൂഹമെന്ന നിലയില്‍ ഇന്ത്യയെ പല രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അവരൊക്കെ യോജിച്ചിരുന്നത് ബ്രിട്ടനെതിരെയുള്ള ഒറ്റെക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയിലായിരുന്നു. വിഭജിച്ച് ഭരിക്കുന്ന കൊളോണിയല്‍ ഭരണതന്ത്രം വിജയിക്കുന്നത് സമൂഹത്തിന്റെ ബലഹീനതയായാണ് അവര്‍ കണ്ടത്. ഐക്യമാണ് അതിനുള്ള പ്രതിവിധിയെന്നവര്‍ കരുതി. പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ ഭേദിക്കാതെ ഇന്ത്യന്‍ ജനതക്ക് തങ്ങളുടെ രാഷ്ട്രീയസാമൂഹ്യ സമസ്യകളിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമുണ്ടാവില്ലെന്ന് വിശ്വസിച്ചു. ഇന്ത്യക്കാരുടെ ‘ഐക്യം’ ‘യോജിപ്പ്’ എന്നീ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപം കൊണ്ട് ഇരുപതാം നൂറ്റാണ്ടില്‍ ശക്തിയാര്‍ജിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം. സമരനേതാക്കള്‍ പല കാര്യത്തിലുമെന്നത്‌പോലെ ഐക്യം എന്ന വിഷയത്തിലും സംവാദങ്ങളിലേര്‍പ്പെട്ടു. ഇന്ത്യക്കാര്‍ ഒന്നിച്ചു നില്‍ക്കണം എന്നതില്‍ അവര്‍ യോജിച്ചു. എന്നാല്‍ സംവാദം നടന്നത് യഥാര്‍ത്ഥ ഐക്യം എങ്ങനെ സാധ്യമാവും എന്നതിലായിരുന്നു. യഥാര്‍ത്ഥ ഐക്യം സാധ്യമാവണമെങ്കില്‍ പിന്നാക്ക ദലിത് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മതിയായ പരിരക്ഷയും പ്രാതിനിധ്യവും വേണമെന്ന വാദം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമായ പല നേതാക്കള്‍ക്കുമുണ്ടായിരുന്നു. അവരത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധി-അംബേദ്കര്‍ സംവാദങ്ങളുടെ പശ്ചാത്തലമതായിരുന്നു. ഖാഇദെ അഅ്‌സമും കോണ്‍ഗ്രസുമായുള്ള എതിര്‍പ്പിന്റെ കാതലും അവിടെയായിരുന്നു. അംബേദ്കറും മുസ്‌ലിം നേതാക്കളുമൊക്കെ ഐക്യവും യോജിപ്പും കൂടുതല്‍ ക്രിയാത്മകമാക്കുന്ന സാമൂഹ്യനീതിയിലധിഷ്ഠിതമായ പരിരക്ഷക്കാണ് വാദിച്ചിരുന്നതെങ്കില്‍ സംഘ്പരിവാരം ഭിന്നിപ്പിനും വംശീയതയ്ക്കുമാണ് പ്രാധാന്യം നല്‍കിയത്.

സ്വാതന്ത്ര്യസമരത്തിലെന്നല്ല ദേശ രൂപീകരണത്തിലും എല്ലാവിഭാഗം ജനങ്ങളും യോജിച്ചുപോവുക സാധ്യമല്ലന്ന് വാദിച്ചവരാണ് സംഘ്പരിവാരം. അതിനാല്‍തന്നെ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച യോജിച്ചുള്ള പോരാട്ടമെന്ന ആശയത്തെ അവര്‍ അംഗീകരിച്ചില്ല. മുസ്‌ലിമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരനും അവര്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തില്‍ തുല്യാവകാശങ്ങളില്ലാത്തവരാണ്. സവര്‍ക്കറുടെ വാക്കുകളില്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം മാത്രമാണ് ഏക് രാഷ്ട്ര് ഏക് ജാതി എന്ന പൂര്‍ണാര്‍ത്ഥത്തിലുള്ള വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍. മാത്രമല്ല സ്വാതന്ത്ര്യസമരമെന്ന ബ്രിട്ടീഷ് കൊളോണിയല്‍ മേല്‍ക്കോയ്മക്കെതിരെയുള്ള പോരാട്ടത്തെ കൊള്ളരുതാത്ത പ്രവൃത്തിയായി കണ്ടത് സംഘ്പരിവാര്‍ രാഷ്ട്രീയ ധാരമാത്രമാണ്. 1930-31 ബ്രിട്ടീഷ് വിരുദ്ധസമരം ഇന്ത്യന്‍ യുവത്വത്തെ ത്രസിപ്പിച്ച കാലത്ത് സമരത്തില്‍ പങ്കെടുക്കാനായി അനുവാദം തേടി ആര്‍. എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ അടുത്തെത്തിയ യുവാവിന്റെ കഥ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തെ ഉദ്ധരിച്ച് ശംസുല്‍ ഇസ്‌ലാം പറയുന്നുണ്ട്. പോരാട്ടത്തിന് തയ്യാറായി വന്ന ചെറുപ്പക്കാരനെ സമരത്തിലിറങ്ങാന്‍ ഹെഡ്‌ഗേവാര്‍ സമ്മതിച്ചില്ല. തനിക്കെന്തെങ്കിലും പറ്റിയാല്‍ കുടുംബത്തെ ആര് നോക്കും എന്നായിരുന്നുവത്രേ ഹെഡ്‌ഗേവാര്‍ ചോദിച്ചത്. ജയിലിലടയ്ക്കപ്പെട്ടാല്‍ വീട്ടുകാരെ നോക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടാണ് താന്‍ വന്നതെന്ന് യുവാവ് മറുപടി നല്‍കിയപ്പോള്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവാനാണത്രെ അദ്ദേഹം ഉപദേശിച്ചത്. 1925 മുതല്‍ 1947 വരെയുള്ള ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളിലൊരിടത്തും ബ്രിട്ടീഷ് സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഒരു വാചകവും കാണാനാവില്ലെന്ന് അവരുടെ പ്രസിദ്ധീകരണങ്ങളെപറ്റി ആഴത്തില്‍ പഠിച്ച ശംസുല്‍ ഇസ്‌ലാം അദ്ദേഹത്തിന്റെ ആര്‍.എസ്.എസും സ്വാതന്ത്ര്യ സമരവും: ഒരു വഞ്ചനയുടെ കഥ എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഓര്‍മപ്പെടുത്തല്‍

പതിനായിരങ്ങള്‍ തലമുറകളായി ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതി, അന്തമാനിലെയും റംഗൂണിലെയുമൊക്കെ തടവറകളില്‍ നരകയാതനയനുഭവിച്ച് ജീവന്‍ സമര്‍പ്പിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം കങ്കണയെ പോലുള്ളവര്‍ക്ക് ഭിക്ഷയും, മോദിയുടെ ഒരു തിരഞ്ഞെടുപ്പ് വിജയം സ്വാതന്ത്ര്യമാവുകയും ചെയ്യുന്നതിന് പിന്നിലുള്ള യുക്തിരാഹിത്യം ഏറെ പറയേണ്ടതില്ല. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നുള്ള മോചനത്തേക്കാളേറെ അപരമത വെറുപ്പ് വ്യാപിപ്പിക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ട ചരിത്രമുള്ള സംഘ്പരിവാരത്തിന്റെ കൂലിപ്പടയാളികള്‍ക്ക് 2014ലെ മോദിയുടെ വിജയം സ്വാതന്ത്ര്യമായി തോന്നുന്നതില്‍ അത്ഭുതവുമില്ല. കങ്കണയെ പോലുള്ളവരുടെ ഇത്തരം പ്രസ്താവനകള്‍ മാനവവാദികളായ ദേശസ്‌നേഹികള്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ്. ദേശീയഗാനത്തെയും പക്ഷികളെയും മൃഗങ്ങളെയും അപമാനിച്ചെന്ന് പറഞ്ഞ് പൗരന്മാരെ സൈബര്‍ ഇടങ്ങളിലും പൊതുനിരത്തുകളിലും ആള്‍ക്കൂട്ട വിചാരണക്ക് വെക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തേയോ സ്വാതന്ത്ര്യത്തെ തന്നെയോ അംഗീകരിക്കാത്തവരും അവമതിക്കുന്നവരുമാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍.