കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്.
ഗൂഢാലോചന കുറ്റത്തിനു മൂന്നു വര്‍ഷത്തെ കഠിന തടവും ഇന്ത്യാഗവണ്‍മെന്റുമായി സഖ്യത്തിലിരിക്കുന്ന ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനു ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവുകൂടി അനുഭവിക്കണം. യു.എ.പി.എ നിയമത്തിലെ 38,39,40 വകുപ്പുകള്‍ക്ക് ഏഴു വര്‍ഷം വീതം കഠിനതടവും അനുഭവിക്കണം. വിചാരണതടവിന്റെ കാലായളവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
2016 ആഗസ്ത് ഒന്നിനു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് യാസ്മിനെ മകനോടൊപ്പം പൊലീസ് പിടികൂടുകയായിരുന്നു. 2016 ജൂലൈ 10നു കാസര്‍ഗോഡ് സ്വദേശി ടി പി അബ്ദുല്ല തന്റെ മകനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ചന്ദേര പൊലീസിനു നല്‍കിയ പരാതിയിലാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. അബ്ദുല്ലയുടെ മകനാണ് കേസിലെ ഒന്നാം പ്രതി അബ്ദുല്‍ റാഷിദ്. റാഷിദിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കാസര്‍ഗോഡു നിന്നും 15 യുവാക്കളെ അഫ്ഗാനിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ് കേസുകളില്‍ ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷന്‍ 52 സാക്ഷികളെയും 124 രേഖകളും 30 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. അതേസമയം താന്‍ നിരപരാധിയാണെന്നും ഇന്ത്യാക്കാരിയാണെന്നും ഐ.എസിന്റെ ഭാഗമല്ലെന്നും കോടതിക്കു പുറത്ത് യാസ്മിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്യത്തോട് ബഹുമാനമുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും യാസ്മിന്‍ പറഞ്ഞു.