മുംബൈ: ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്തേഷ് ജിങ്കാനെ തേടി യൂറോപ്യന്‍ ക്ലബ്ബ് രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ഹങ്കറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബ് ‘ദ്യോസ്ഗ്യോരി വിടികെ’യാണ് ജിങ്കനുവേണ്ടി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബാണ് ‘ദ്യോസ്ഗ്യോരി വിടികെ’. 1910ലാണ് ഈ ക്ലബ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ ഹംഗറിയില്‍ ഏറ്റവും അധികം ആരാധക പിന്തുണയുളള ക്ലബുകളിലൊന്നാണ് ‘ദ്യോസ്ഗ്യോരി വിടികെ’.

ജിങ്കന്‍ ഈ ക്ലബിലെത്തുകയുണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് തന്നെ ചരിത്രനേട്ടമാകും. ഐ.എസ്.എല്ലിലെ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയ ജിങ്കന്‍, പ്രതിരോധ നിരയിലെ ഉരുക്ക് കോട്ടയായിരുന്നു. ഗോളൊന്നുറച്ച നിരവധി അവസരങ്ങളാണ് ജിങ്കന്‍ ഇടപെടല്‍ മൂലം വഴിമാറിയത്. ഡല്‍ഹി ഡൈനമോസിനെതിരെ നടന്ന രണ്ടാം പാദസെമിയില്‍ ജിങ്കന്റെ ഗോള്‍ലൈന്‍ സേവ് ഏറെ പ്രശംസ നേടിയിരുന്നു. നേരത്തെ ജിങ്കന്റെ കളിമിടുക്കിനെ പ്രശംസിച്ച് സഹതരാം ആരോണ്‍ ഹ്യൂസ്, ജിങ്കന് യൂറോപ്യന്‍ ലീഗില്‍ കളിക്കാനുള്ള യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മികച്ച ഡിഫന്ററിന് വേണ്ട എല്ലാ കഴിവുകളും ജിങ്കനുണ്ടെന്നും ഒരു സ്‌ട്രൈക്കര്‍ക്ക് താരത്തെ എളുപ്പത്തില്‍ മറികടന്ന് പോകാനാകില്ലെന്നും ഹ്യൂസ് അന്ന് പറഞ്ഞിരുന്നു. ജിങ്കനെ സ്വന്തമാക്കിയാല്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു ഇന്ത്യന്‍ താരം യൂറോപ്യന്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന നിര്‍വൃതിയാവും ലഭിക്കുക.

.