ആലപ്പുഴ: സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി വിഎസ് അച്ചുതാനന്ദന്‍. എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് സംഘ്പരിവാറിനെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്.

ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായരെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല. എംടി അടക്കമുളളവരെ പൊതുവേദിയില്‍ അപമാനിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായി. എംടിക്കു നേരെ വാളോങ്ങുന്നത് നിസാരമായി കാണാനാകില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷ പുരോഗമന ശക്തികള്‍ക്ക് കരുത്തുണ്ടെന്നും വിഎസ് പറഞ്ഞു.

നോട്ട് നിരോധിച്ച് ജനങ്ങളെ വെട്ടിലാക്കിയ മോദി ഇപ്പോള്‍ ആപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെ ആപ്പിലാക്കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.