ദുബായ്: ഇസ്രയേല്‍ ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു. ഇസ്രയേലില്‍ നിന്നുള്ള ആദ്യത്തെ വിമാനം ബുധനാഴ്ച ബഹ്‌റൈനിലിറങ്ങി. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ രാജ്യാന്തര വിമാന താവളത്തില്‍ നിന്ന് പുറപ്പെട്ട ഇസ്രയേല്‍ എയര്‍ലൈന്‍സ് എയര്‍ബസ് എ 320 വിമാനമാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ വന്നിറങ്ങിയത്.

എന്നാല്‍ ഇതു സംബന്ധിച്ച് ഇസ്രയേലോ ബഹ്‌റൈനോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച സംഭാഷണമാണ് ഇരുവരും നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബഹ്‌റൈനു പുറമെ ഇസ്രയേലുമായി യുഎഇയും നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം യുഎഇയിലേക്കും ഇസ്രയേല്‍ വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. ഇതിനായി സഊദി അറേബ്യ അതിന്റെ വ്യോമാതിര്‍ത്തി തുറന്നു കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ സെപ്തംബര്‍ 15നാണ് ഇസ്രയേലുമായുള്ള യുഎഇയുടെയും ബഹ്‌റൈന്റെയും നയതന്ത്ര കരാര്‍ ഒപ്പുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ചടങ്ങ്. എന്നാല്‍ ഇസ്രയേലുമായുള്ള ഈ ബന്ധത്തിനെതിരെ ഇരു രാജ്യങ്ങളിലും വിമര്‍ശനം പുകയുന്നുണ്ട്.