മനാമ: യുഎഇക്ക് പിന്നാലെ ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ച് ബഹ്‌റൈന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് തീരുമാനം.

ഡോണള്‍ഡ് ട്രംപാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചരിത്രപരമായ നീക്കമാണിതെന്നും 30 ദിവസത്തിനിടെ ഇസ്രായേലുമായി സമാധാനം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മധ്യ പൂര്‍വേഷ്യയില്‍ സമാധാനം ഉറപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അതേസമയം യുഎഇഇസ്രായേല്‍ കരാര്‍ ഈ മാസം 15ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പുവെക്കും. മധ്യപൂര്‍വ പ്രദേശത്ത് ഇറാന്റെ മേധാവിത്തം തടയാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് യുഎസിന്റെ മധ്യസ്ഥതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണു ബഹ്‌റൈന്‍.