തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണു അരങ്ങേറിയത്.

സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനു പരുക്കേറ്റു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.