ടെല്‍അവീവ്: ഫലസ്തീന്‍ രാഷ്ട്രീയ പ്രമുഖയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഖാലിദ ജറാറിനെ ഇസ്രാഈല്‍ പട്ടാള കോടതി ആറുമാസം അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍വിട്ടു. കുറ്റംചുമത്തുകയോ വിചാരണയോ ഇല്ലാതെ ഒരാളെ തടങ്കലില്‍വെക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് തടവിലൂടെ സാധിക്കും. ജൂലൈ ആദ്യത്തില്‍ പുലര്‍ച്ചെയാണ് വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള വസതിയില്‍നിന്ന് ജറാറിനെ ഇസ്രാഈല്‍ സേന അറസ്റ്റുചെയ്തത്. ഫലസ്തീന്‍ പാര്‍ലമെന്റ് അംഗമായ ജറാറിന്റെ അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. 54കാരിയായ അവര്‍ 15 മാസം തടവ് അനുഭവിച്ചിട്ടുണ്ട്. 2016 ജൂണിലാണ് ഇസ്രാഈല്‍ അവരെ വിട്ടയച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നാണ് ജറാറിനെതിരെയുള്ള കേസ്. നിലവില്‍ 13 ഫലസ്തീന്‍ രാഷ്ട്രീയ നേതാക്കള്‍ ഇസ്രാഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.