ഗസ്സ: ഇസ്രാഈല്‍ തുടരുന്ന ഉപരോധങ്ങള്‍ ഗസ്സയിലെ കുട്ടികളെ വിഷാദരോഗികളാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. 15 വര്‍ഷമായി തുടരുന്ന ഉപരോധം 80 ശതമാനം കുട്ടികളെയും മാനസികമായി തകര്‍ത്തിട്ടുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ പറയുന്നു. 488 കുട്ടികളെയും 186 മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഗസ്സയിലെ എട്ട് ലക്ഷത്തോളം കുട്ടികള്‍ ജീവിതത്തില്‍ ഏതെങ്കിലും രൂപത്തില്‍ ഉപരോധത്തിന്റെ കെടുതി അനുഭവിച്ചവരാണ്.

2007 ജൂണില്‍ ഇസ്രാഈല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഗസ്സയെ സാമ്പത്തികമായും സാമൂഹികമായും ഏറെ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ ഉപരോധം പ്രതികൂലമായി ബാധിച്ചു തുടങ്ങിയത്. മാനസിക സമ്മര്‍ദ്ദം ഏറിവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളില്‍ പകുതിയിലേറെപ്പേര്‍ ഏതെങ്കിലും തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നാണ് സേവ് ദ ചില്‍ഡ്രന്‍ പറയുന്നത്. ഏതാനും വര്‍ഷമായി 79 ശതമാനം കുട്ടികള്‍ ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. 59 ശതമാനം കുട്ടികള്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.