ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ജാക്ക് മാ പൊതുജന മധ്യത്തില്‍ നിന്നും അപ്രത്യക്ഷനായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുകയാണ്. മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ജാക്ക് മായെ കാണുന്നില്ല. ഇദ്ദേഹം ജഡ്ജായി എത്തുന്ന ഒരു പ്രശസ്ത ടിവി ചാനലിന്റെ ഫൈനല്‍ എപ്പിസോഡിലും ജാക്ക് മാ വന്നില്ല.

ചൈനയിലെ റെഗുലേറ്റര്‍മാര്‍ക്കെതിരെ സംസാരിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തിനും വിപണിനഷ്ടത്തിനും ശേഷമാണ് ജാക്ക് മാ പൊതുജന മധ്യത്തില്‍ നിന്നും മാറിനില്‍ക്കുന്നത്. ഒക്ടോബര്‍ നാലിന് നടത്തിയ പ്രസംഗത്തില്‍ റെഗുലേറ്റര്‍മാര്‍ക്ക് പഴഞ്ചന്‍ നയമാണെന്നും നൂതന രീതിയില്‍ ചിന്തിക്കണമെന്നും ജാക്ക് മാ പറഞ്ഞിരുന്നു.

ജാക്ക് മായുടെ ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്‌ഫോമായ ആലിപേയുടെ ഭാഗമായ ആന്റ് ഗ്രൂപ്പ് എന്ന ഫിനാന്‍സ് ശാഖയ്ക്ക് റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെ ആലിബാബയുടെ ഓഹരി വില ഇടിഞ്ഞു. ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പട്ടം കൈയ്യില്‍ നിന്ന് പോവുന്നതിന് ഇത് കാരണമായെന്നാണ് കരുതുന്നത്.

ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ഷാന്‍ഘായും ഈ പ്രസംഗം നടക്കുമ്പോള്‍ കാണിയായുണ്ടായിരുന്നു. ബിസിനസ് സംരഭകര്‍ക്കും യുവജനതയ്ക്കും പണം കടം വാങ്ങുന്ന നടപടി ക്രമങ്ങള്‍ രാജ്യത്ത് എളുപ്പമായിരിക്കണമെന്നും ജാക്ക് മാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പ്രസംഗത്തിന് പിന്നാലെ നവംബര്‍ മൂന്നിന് ജാക്കമായുടെ ആന്റ് ഗ്രൂപ്പിന് മാര്‍ക്കറ്റ് പ്രവേശനം ചൈനീസ് റെഗുലേറ്റര്‍മാര്‍ തടയുകയായിരുന്നു. ആലിബാബ സിഇഒ റെഗുലേറ്റര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ജാക്ക് മാ മൗനം പാലിക്കുകയായിരുന്നു.

ഇതിനു ശേഷം ജാക്ക് മായെ ലൈംലൈറ്റില്‍ ആരും കണ്ടിട്ടില്ല. ജാക്ക് മാ വിട്ടുനില്‍ക്കുന്നതോടെ ആഗോളതലത്തില്‍ പല ചര്‍ച്ചകളാണ് നടക്കുന്നത്. ജാക്ക് മായുടെ യുഗം കഴിഞ്ഞുവെന്നാണ് ചൈനയിലെ ഒരു ബ്ലോഗര്‍ കുറിച്ചിരിക്കുന്നത്. ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളാരും ഇതേപറ്റി ഒരു പ്രതികരണവും നടത്തിയിട്ടില്ല.