തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി സസ്പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പാഠം ഒന്ന് കണക്കിലെ കളികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന പോസ്റ്റില്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹംസംശയം ഉന്നയിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് 7,000 കോടി ധനസഹായം ആവശ്യപ്പെട്ട കേരളത്തിന്റെ കണക്കുകളിലാണ് ജേക്കബ് തോമസ് സംശയം ഉന്നയിക്കുന്നത്. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും പരുക്കേറ്റവര്‍ക്കും കൂടി 400 കോടിയുടെ കണക്കു നിരത്തുന്ന ജേക്കബ് തോമസ് ദുരന്തനിവാരണത്തിന് ആകെ വേണ്ടത് 700 കോടി മാത്രമാണെന്ന് പറയുന്നു. സര്‍ക്കാര്‍ കണക്കുകള്‍ ശരിയാകുന്നുണ്ടോയെന്ന് ചോദിക്കുന്ന അദ്ദേഹം കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതിന് പിന്നാലെ ജേക്കബ് തോമസിന്റെ പരിഹാസത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചത് സമഗ്രമായ പാക്കേജാണെന്നും ഐസക് പറഞ്ഞു.

കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം,’പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുത്’- എന്ന ഗുണപാഠത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.