തിരുവനന്തപുരം: പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യപരിശോധനാ വിഭാഗം. തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിലും ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്.

ജേക്കബ് തോമസ് ഐപിഎസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലാണ് ഒരു വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 14 ഓഫീസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തിയത്. 2.18 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതി 5.94കോടി രൂപക്കാണ് പാനല്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയത്. അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം ഒന്നും തേടാതെ നടത്തിയ പദ്ധതിയില്‍ വലിയതുറ ഓഫീസിലെ പാനല്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. മറ്റ് 13 ഓഫീസുകളില്‍ സ്ഥാപിച്ച പാനലുകളെല്ലാം പ്രവര്‍ത്തന രഹിതമാണ്. പദ്ധതി ഫലം കാണാത്തതിനാല്‍ പണം തിരിച്ചുപിടിക്കാന്‍ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ സിആര്‍ഇസഡ് ചട്ടം ലംഘിച്ച് തുറമുഖ വകുപ്പിന് കെട്ടിടം നിര്‍മ്മിച്ചതിലും ജേക്കബ്ബ് തോമസിന് വീഴ്ച്ചയുണ്ടായി എന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഉപകരണങ്ങള്‍ വാങ്ങിയത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ ജേക്കബ്ബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരേയും നടപടികളുണ്ടായിട്ടില്ല.