ഇടുക്കി: തൊടുപുഴ അടിമാലിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി വികാരി പിടിയില്‍. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന വൈദികന്‍ ഫാദര്‍ റെജി പാലക്കാടനാണ് 22കാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

ഉദരസംബന്ധമായ അസുഖത്തിന് ചികിത്സതേടി എത്തിയ തന്നെ വൈദ്യപരിശോധന നടത്തുന്നതിനിടെ വൈദികന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ തലയില്‍ കൈവച്ച് വൈദികന്‍ അപമാനിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.

ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം അടിമാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെ ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യാക്കോബായ സഭാംഗമായ ഫാദര്‍ റെജി ഇടുക്കി പണിക്കന്‍കുടി പള്ളി വികാരിയാണ്. അടിമാലിയില്‍ പാലക്കാടന്‍ വൈദ്യശാല എന്ന പേരില്‍ 20 വര്‍ഷമായി ആശുപത്രി നടത്തുകയായിരുന്നു വൈദികന്‍.