തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള സിപിഎം തന്ത്രം പൊളിഞ്ഞു. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണ് എന്നാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രം ഈയാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകപോക്കലാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്.

ഒക്ടോബര്‍ 30നാണ് വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. മിഥിലാജ് സംഭവ സ്ഥലത്തു വച്ചും ഹഖ് ആശുപത്രിയിലുമാണ് മരിച്ചത്. എട്ട് പ്രതികളാണ് സംഭവത്തില്‍ അറസ്റ്റിലായിരുന്നത്.

സംഭവം രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് സിപിഎം ആരോപിച്ചിരുന്നത്. ഇരു സംഘങ്ങളും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടും സിപിഎം സമാന ആരോപണം ഉന്നയിച്ചിരുന്നു.

കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. കൊലപാതകം നടന്ന് 50 ദിവസങ്ങള്‍ പിന്നിട്ട് പൊലീസ് കുറ്റപത്രം തയ്യാറായതോടെ രാഷ്ട്രീയ കെലാപാതകമെന്ന സിപിഎം ആരോപണം വ്യാജമായിരുന്നു എന്ന് തെളിയുകയാണ്. കുറ്റപത്രം ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകും. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് സമര്‍പ്പിക്കും.