ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന വിഭജന ബില്ലും ലോക്‌സഭ പാസാക്കി. 370-70 വ്യത്യാസത്തിനാണ് വിഭജന ബില്ല് പാസായത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബില്ലില്‍ 366 പേര്‍ അനുകൂലിച്ചും ബാക്കിയുള്ളവര്‍ എതിര്‍ത്തും വോട്ടു ചെയ്തു.

രണ്ടു ബില്ലും ഇന്നലെ രാജ്യസഭയില്‍ പാസാക്കിയിരുന്നു. ഇന്ന് ലോക്‌സഭയില്‍ കൂടി പാസായതോടെ ജമ്മു കശ്മീരിന്റെ വിഭജനം പൂര്‍ണമായി. ബില്ലില്‍ ഇനി രാഷ്ട്രപതി കൂടി ഒപ്പിടേണ്ടതായേ ഉള്ളു. രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.

എന്‍ഡിഎ കക്ഷികളില്‍ ജെഡിയു ഒഴിച്ച് മറ്റെല്ലാ പാര്‍ട്ടികളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ആം ആദ്മി, ടിഡിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് കശ്മീര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, മുസ്ലീം ലീഗ്, എഐഎഐഎം എന്നീ കക്ഷികള്‍ ബില്ലിനെതിരായി വോട്ടു ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രാജ്യസഭയില്‍ നിന്നും വിരുദ്ധമായി വോട്ടെടുപ്പ് നടത്തിയാണ് ലോക്‌സഭ ബില്ലുകള്‍ പാസാക്കിയത്.

ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. സ്പീക്കര്‍ ഇതിനായി ആവശ്യമുയര്‍ത്തിയെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വോട്ടെടുപ്പ് വേണമെന്ന് ശക്തമായി വാദിച്ചതോടെ അതിലേക്ക് നടപടികള്‍ നീളുകയായിരുന്നു.