ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ രംഗത്ത്. ജയലളിത എങ്ങനെയാണ് മരിച്ചത്. എന്തുകൊണ്ടാണ് അവരുടെ ഒരു ഫോട്ടോപോലും പുറത്തുവിടാതിരുന്നത്. ജയലളിതക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം വേണം. അവരെ ആരോ അപകടപ്പെടുത്തിയതാണെന്നും താരം പറഞ്ഞു.

ജയലളിത അനാഥയായിരുന്നു. അവര്‍ക്കുവേണ്ടി സംസാരിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ? അവരെ ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചവരെ അവര്‍ തന്നെ പുറത്താക്കിയിരുന്നുവെന്നും നടന്‍ പറഞ്ഞു. അപ്പോളോ ആസ്പത്രിയില്‍ താനും കാണാന്‍ പോയിരുന്നുവെങ്കിലും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആസ്പത്രി അധികൃതരും അവര്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കന്‍മാര്‍ക്കുപോലും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു അവരുടെ അസുഖമെന്നും എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നും അടക്കമുള്ള കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും മന്‍സൂര്‍ അലിഖാന്‍ ആവശ്യപ്പെട്ടു.

നേരത്തെ ജയലളിതയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ജയലളിതയുടെ മരണത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.