ഓണപ്പരിപാടിക്ക് ഒരു പാട്ട് പാടുമ്പോള്‍ ശിവഗംഗ കരുതിയിരിക്കില്ല ഇത്രവലിയ അവസരമായിരിക്കും തന്നെ തേടിവരികയെന്ന്. വീടിനടുത്ത് നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി ശിവഗംഗ പാടിയ പാട്ട് ഫേസ്ബുക്കില്‍ ഹിറ്റായതോടെ അത് കണ്ട് നടന്‍ ജയസൂര്യ ശിവഗംഗയെ കണ്ടെത്തി സിനിമയില്‍ അവസരം നല്‍കി.

റോഡില്‍ ഗാനം ആലപിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വിഡിയോ തന്റെ പേജിലൂടെ ജയസൂര്യ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു. ഈ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. ഉടന്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി ആളുകള്‍ കുട്ടിയുടെ വിവരങ്ങള്‍ കമന്റ് ആയി പേജില്‍ പോസ്റ്റ് ചെയ്തു.

അവര്‍ക്കൊക്കെ ഒരുപാട് നന്ദി രേഖപ്പെടുത്തിയ ജയസൂര്യ തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. കായംകുളം സ്വദേശിയായ ശിവഗംഗയാണ് ആ മിടുക്കി. അവരുടെ അമ്മയാണ് ഫോണ്‍ എടുത്തത്. ജയസൂര്യയാണ് ഫോണിലെന്നും മകളുടെ പാട്ട് കേട്ട് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോള്‍ ആ അമ്മയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ബുദ്ധിമുട്ടാകില്ലെങ്കില്‍ തന്റെ വീട്ടില്‍ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു.

അവര്‍ രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി. ശിവഗംഗയ്ക്കായി ജയസൂര്യ കാത്തുവച്ചിരുന്നത് രണ്ട് വലിയ സമ്മാനങ്ങളായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും ഇങ്ങനെയൊരു നിമിഷം ശിവഗംഗ പ്രതീക്ഷിച്ചുകാണില്ല. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയില്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം.

രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ സാംജി ആന്റണിയുടെ ഗബ്രി എന്ന ചിത്രത്തിലാണ് ശിവഗംഗ ഗായികയായെത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യും. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.