മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് ലക്ഷങ്ങള്‍. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഭിന്ന സ്വരങ്ങളോടുള്ള അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആരംഭിച്ച റാലി സെന്‍ട്രല്‍ കോളെജ് മൈതാനത്തെ് അവസാനിച്ചു.

ബെംഗളൂരു നഗരത്തില്‍ ഇന്ന് മുഴങ്ങി കേട്ടത് ഗൗരിയുടെ നാമമായിരുന്നു. ഞാന്‍ ഗൗരി എന്നെഴുതിയ കറുത്ത ബാന്റ് ധരിച്ച് ഗൗരി ലങ്കേഷ് നീണാല്‍ വാഴട്ടെ എന്ന് ആര്‍ത്തുവിളിച്ച് ആയിരങ്ങള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ബെംഗളൂരു നഗരം അക്ഷരാര്‍ഥത്തില്‍ പ്രതിഷേധ കടലാവുകയായിരുന്നു.

ഗൗരിയെ നിശബ്ദരാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്ക് ഇവിടെ തടിച്ചിക്കൂടിയിരിക്കുന്നവരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയില്‍ പറഞ്ഞു. എന്ത് കൊണ്ടാണ് ഗൗരികൊല്ലപ്പെട്ട് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയാറാകത്തതെന്നും വേദിയിലെത്തിയവര്‍ ആവര്‍ത്തിച്ചു.

തങ്ങളെ ഭയപ്പെടുത്താന്‍ നോക്കരുത് എന്ന് എഴുത്തുകാരന്‍ കെ മുരളിദാസപ്പാ പറഞ്ഞു പുരോഗമനപരമായി ചിന്തിക്കുന്നവരും ജനാധിപത്യവാദികളും മിണ്ടാതിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഗൗരിയുടെ കൊലപാതകമെങ്കില്‍, ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്യം തങ്ങള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടി അവര്‍ക്ക് നീതിയുറപ്പാക്കുകയെന്ന ആവശ്യമുയര്‍ത്തിയും കൊലപാതകത്തില്‍ പ്രതിഷേധിച്ചുമാണ് പ്രകടനം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ ഉള്‍പ്പെടെ ല്ക്ഷങ്ങളാണ് ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരു നഗരത്തിലിറങ്ങിയത്.