കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പോലീസ് നടപടിയില്‍ ന്യായീകരണവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. മഹിജക്കെതിരായ പോലീസ് അതിക്രമം സ്വാഭാവികമാണെന്ന് ഷംസീര്‍ എം.എല്‍.എ പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു ഷംസീര്‍ എം.എല്‍.എ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

പോലീസ് നടപടിയില്‍ അവതാരക പ്രതികരണം ചോദിച്ചപ്പോള്‍ ഷംസീര്‍ എം.എല്‍.എ ആദ്യമൊന്നും കൃത്യമായ രീതിയില്‍ പ്രതികരിച്ചിരുന്നില്ല. കോണ്‍ഗ്രസ്സാണ് സ്വാശ്രയ വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിച്ചതെന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍ ഇപ്പോഴത്ത പോലീസ് നടപടിയെക്കുറിച്ച് അവതാരക വീണ്ടും പ്രതികരണം ചോദിച്ചു. ഡി.ജി.പി ആസ്ഥാനത്തേക്ക് സമരം ചെയ്താല്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ അവര്‍ സമരം തടയും. എസ്.പി ഓഫീസിലേക്കു സമരം ചെയ്താല്‍ അവര്‍ സമരം തടയും. അത് സ്വഭാവികമാണ്.’ എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഷംസീര്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ സമരമല്ലെന്നും മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ സമരമാണിതെന്നും അവതാരക പറഞ്ഞപ്പോള്‍ തന്നെയാരും മനുഷ്യത്വം പഠിപ്പിക്കേണ്ടെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.