വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വ്യക്തമായ മുന്‍തൂക്കം. ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം നിലവില്‍ 264 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചിട്ടുള്ളത്. ഭൂരിപക്ഷത്തിലേക്ക് ആറെണ്ണത്തിന്റെ കുറവു മാത്രം. ട്രംപിന് ഇതുവരെ 214 വോട്ടാണ് ലഭിച്ചത്.

മിഷിഗന്‍, വിസ്‌കോന്‍സിന്‍, അരിസോണ, നവാഡ, നോര്‍ത്ത് കരോലിന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ വിജയിച്ചു. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ട്രംപിനാണ് മുന്‍തൂക്കം. മിഷിഗനും അരിസോണയും വിജയിച്ചതോടെയാണ് ബൈഡന്‍ വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്.

ട്രംപിന് മേധാവിത്വം ലഭിച്ച പെന്‍സില്‍വാനിയയില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു. ഇവിടെ 16 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. ബൈഡന് 48 ഉം ട്രംപിന് 50.9 ഉം ശതമാനം വോട്ടാണ് ഈ സ്‌റ്റേറ്റില്‍ ലഭിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ നിര്‍ത്തിയതിന് എതിരെ ട്രംപ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിലവില്‍ ബൈഡനേക്കാള്‍ 1,64,000 വോട്ടുകള്‍ക്ക് ട്രംപിന് മുന്നിലാണ് ഇവിടെ. എന്നാല്‍ ഡെമോക്രാറ്റുകളുടെ വന്‍ ശക്തികേന്ദ്രമായ ഫിലഡല്‍ഫിയ, പിറ്റ്‌സ്ബര്‍ഗ് എന്നീ നഗരങ്ങള്‍ പെന്‍സില്‍വാനിയയിലാണ്. ഇവിടെ ലീഡ് നിലനിര്‍ത്തുക ട്രംപിന് അസാധ്യമാണെന്ന് കരുതപ്പെടുന്നു.

ചിലയിടങ്ങളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അരിസോണ മരികോപ്പ കൗണ്ടിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പില്‍ ആയുധധാരികളായ പ്രതിഷേധക്കാരെ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, നിലവിലെ ലീഡ് നില അവിശ്വസനീയമാണെന്നും കള്ള വോട്ട് നടന്നിട്ടുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. കള്ളവോട്ട് ആരോപിച്ച് പ്രസഡണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. മിഷിഗനില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും വിസ്‌കാന്‍സിനില്‍ വീണ്ടും വോട്ടെണ്ണമെന്നും ട്രംപ് ക്യാമ്പ് ആവശ്യമുന്നയിച്ചു.