ന്യൂയോര്‍ക്ക്: അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കോവിഡ് പരീക്ഷണ വാക്‌സിന് ഒന്നും രണ്ടും പരീക്ഷണത്തില്‍ മികച്ച ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്ക ആദ്യം അനുമതി നല്‍കിയ മോഡേണയുടെയും ഫിസെറിന്റെയും വാക്‌സിനുകള്‍ രണ്ട് ഡോസ് വാക്‌സിനുകളാണ്.എന്നാല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റേത് ഒറ്റ ഡോസ് വാക്‌സിനാണെന്നത് അന്തിമഫലത്തിന് ശേഷം ഇതിന്റെ വിപണിയിലെ വിതരണം എളുപ്പമാക്കുന്നു.

എന്നാല്‍ വാക്‌സിന്‍ മുതിര്‍ന്ന പൗരന്മാരില്‍ സുരക്ഷിതമാണോ എന്ന് റിപ്പോര്‍ട്ടിലില്ല. അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി പ്രകാരം ആദ്യ രണ്ട് ഘട്ടങ്ങളില്‍ 1000 പ്രായപൂര്‍ത്തിയായവരിലാണ് പരീക്ഷണം നടത്തിയത്.മെഡ്ആര്‍എക്‌സിവ് എന്ന മെഡിക്കല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിലവിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈയാഴ്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം 60,000 പേരില്‍ ആരംഭിച്ചത്.

എഡി 26.കോവ്2.എസ് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ പരീക്ഷിച്ച 98 ശതമാനം പേരിലും 29 ദിവസത്തിനകം ശക്തമായ ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതില്‍ 65 വയസിന് മുകളിലുളളവര്‍ വളരെ കുറവാണ് 15 പേര്‍ മാത്രമാണ്.