സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. നടിയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്യുന്നുണ്ട്. നടിമാരായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും എന്‍സിബിക്കു മുന്നില്‍ ഹാജരായിട്ടുണ്ട്. ജെഎന്‍യു സന്ദര്‍ശിച്ചതിന്റെ പേരിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം വീട്ടലാണ് ദീപികക്കെതിരെ നടക്കുന്നതെന്ന ആരോപണം ശക്തമാണ്.

രാവിലെ ഒമ്പതു മണി കഴിഞ്ഞാണ് ദീപികയും പിന്നാലെ മാനേജറും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. മാനേജരെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം നടിയിലേക്ക് വഴിത്തിരിച്ച ലഹരിമരുന്നുമായി ബന്ധപ്പെട്ട 2017ലെ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. മാനേജര്‍ കരീഷ്മ പ്രകാശിന്റെ ഇന്നലത്തെ മൊഴികളുമായി ചേര്‍ത്ത് ദീപികയുടെ ഉത്തരങ്ങള്‍ പരിശോധിക്കും. മൊഴിയെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണങ്ങള്‍.