കൊച്ചി: കളി തുടങ്ങും മുന്നേ മഞ്ഞ നിറത്താല്‍ പൂത്തുലയുന്ന സ്‌റ്റേഡിയത്തിന്റെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും സ്നേഹത്തിനും വികാരപ്രകടത്തിനും മുന്നില്‍ അന്തംവിട്ടു നില്‍ക്കുകയാണ് ഹോസൂട്ടന്‍. ഫുട്‌ബോള്‍ ആരാധനക്ക് മുന്നില്‍ മതത്തിന്റെയും ജാതിയുടേയും രാഷ്ട്രീയത്തിന്റെയും വര്‍ണ്ണ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി ഗ്യാലറിയിലെത്തുന്ന മഞ്ഞകടലിന്റെ ആര്‍പ്പുവിളി കണ്ട് അമ്പരപ്പെടുകയാണ് സ്പാനിഷ് ഫുട്‌ബോളറായ ഹോസു കുറായ്‌സ്.

കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗ്യാലറി നിറയുന്നതിലെ അദ്ഭുതം ആരാധകരോട് തന്നെ ആരായുകയാണ് ഹോസു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മനം നിറയ്ക്കുന്ന സ്നേഹത്തെക്കുറിച്ചും അതിലെ അമ്പരപ്പും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഹോസു അറിയിച്ചത്.

‘ഗ്രൗണ്ടിലെ കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗ്യാലറി നിറയുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശരീരത്തില്‍ മുഴുവന്‍ ഛായം പൂശിയെത്തുന്ന ആരാധകര്‍, അവര്‍ എന്റെ പേരും എന്റെ ജഴ്സി നമ്പറും ശരീരത്തില്‍ എഴുതി വെക്കാന്‍ എടുക്കുന്ന സമയവും അവര്‍ കാണിക്കുന്ന സ്‌നേഹവും എനിക്ക് മനസ്സിലാകുന്നില്ല… ഇതൊന്നും ഞാന്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും നന്ദി”. ഹോസു ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരളം ഫുട്ബോളിനെ സ്നേഹിക്കുന്നത് പോലെ ലോകത്ത് മറ്റൊരു ജനതയും സ്നേഹിക്കുന്നില്ലെന്നാണ് ഹോസുവിന്റെ അഭിപ്രായം. ആരാധകര്‍ക്ക് ഒരുപാട് നന്ദി പറയുകയാണ് ഹോസു പോസ്റ്റിലൂടെ.