ന്യുഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തങ്ങളുടെ അഴിമതികഥകള്‍ പുറത്തുകൊണ്ടുവരുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകര്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു സിഡി കൈവശം വെച്ചുവെന്നാരോപിച്ച് ഒരു മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വിനോദ് വര്‍മയ്‌ക്കെതിരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് പറയുന്ന പൊലീസ് അത് പുറത്തുവിടണമെന്നും മാധ്യമപ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും അജയ് മാക്കന്‍ ആരോപിച്ചിരുന്നു.

ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ലൈംഗിക വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് പൊലീസ് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിക്കെതിരെ കൃത്രിമ വീഡിയോ ടേപ്പുകളുണ്ടാക്കി എന്നാരോപിച്ച് മന്ത്രിയുടെ സഹായി നല്‍കിയ പരാതിയിന്‍ മേലായിരുന്നു് പൊലീസ അറസ്റ്റ്. നിരവധി സീഡികളും പെന്‍്രൈഡവുകളും പൊലീസ് വിനോദ് വര്‍മയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തിരുന്നു.

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തകുനേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയരുന്നത്